Areeckal Family Association
Maikave , Ernakulam , Kerala , INDIA
അരീയ്ക്കല്‍ കുടുംബ ചരിത്രം
ചരിത്രത്തെ നമ്മള്‍ മനസ്സിലാക്കുന്നത് പ്രധാനമായും മൂന്നു രീതികളിലാണ് വാമൊഴിയായും വരമൊഴിയായും പുരാവസ്തു ഗവേഷണങ്ങള്‍ വഴിയായും. പുരാതനമായ അരീയ്ക്കല്‍ കുടുംബത്തിന്‍റെ ചരിത്രം അകപ്പറന്പ് മോര്‍ ശാബോര്‍ അഫ്രോത്ത് വലിയ പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രസ്തുത ചരിത്രത്തെ സംബന്ധിച്ചിടത്തോളം വാമൊഴിക്കാണ് പ്രാധാന്യം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് കഴിഞ്ഞ തലമുറയില്‍ നിന്നും വാമൊഴിയായി ലഭിച്ച വിവരങ്ങള്‍, സഭാ ചരിത്രത്തിലെ സംഭവങ്ങള്‍, ചരിത്രവസ്തുതകള്‍ 1599 ല്‍ ചേര്‍ന്ന ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകള്‍, 1919 ല്‍ എഴുതിയ ചക്കരയകത്തൂട്ട് കൊച്ചുവര്‍ക്കി കത്തനാരുടെ വില്‍പത്രം, 1971 ല്‍ ബഹുമാനപ്പെട്ട കല്ലാപ്പാറ വര്‍ഗ്ഗീസ് അച്ചന്‍ എഴുതി മലയാള മനോരമ വീക്കിലിയില്‍ പ്രസിദ്ധീകരിച്ച അകപ്പറന്പ് മോര്‍ ശാബോര്‍ അഫ്രോത്ത് ദൈവാലയത്തിന്‍റെ ചരിത്രം, പാല (കടുക്കാച്ചിറ)യിലെ അരീയ്ക്കല്‍ കുടുംബയോഗത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍, വയലിപ്പറന്പില്‍ കുടുംബചരിത്രം, ഇതര കുടുംബ ചരിത്രങ്ങള്‍ എന്നിവ ശേഖരിച്ച് പഠനവിധേയമാക്കിയാണ് ഈ കുടുംബ ചരിത്രത്തിന് രൂപം നല്‍കിയിരിക്കുന്നത്.
ക്രിസ്തുവര്‍ഷത്തിന്‍റെ ആദ്യനൂറ്റാണ്ടുകളില്‍ തന്നെ അങ്കമാലി, അകപ്പറന്പ് പ്രദേശങ്ങള്‍ ക്രിസ്ത്യാനികളുടെ ഒരു കേന്ദ്രമായിരുന്നു. ക്രിസ്തുവര്‍ഷം 52 ല്‍ മാര്‍ തോമ്മാÇീഹ കൊടുങ്ങല്ലൂരിനടുത്തുള്ള മാലിയാങ്കരയില്‍ വരികയും തന്‍റെ പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ ഫലമായി അനേകരെ ക്രിസ്തുമതാനുയായികളാക്കിത്തീര്‍ക്കുകയും ചെയ്തു. മാലിയാങ്കര, പറവൂര്‍ ഭാഗങ്ങളില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നവരുടെ പിന്‍ഗാമികളില്‍ ചിലര്‍ രാഷ്ട്രീയകാരണങ്ങളാലും കൃഷിയ്ക്കുപയുക്തമായ സ്ഥലങ്ങള്‍ അന്വേഷിച്ചും അങ്കമാലിയിലേക്കും പരിസരപ്രദേശങ്ങളിലേയ്ക്കും കുടിയേറി. അന്ന് പെരിയാറിന്‍റെ തന്നെ ഒരു കൈവഴിയായിരുന്ന മാഞ്ഞാലിതോട് അവര്‍ക്ക് ഒരു യാത്രാ മാര്‍ഗ്ഗമായി തീര്‍ന്നിരിക്കണം. ഏതായാലും ക്രിസ്താബ്ദത്തിന്‍റെ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ അങ്കമാലി, അകപ്പറന്പ് പ്രദേശങ്ങളില്‍ അനേകം ക്രിസ്തീയ കുടുംബങ്ങള്‍ ഉണ്ടായിരുന്നു എന്നത് ഒരു ചരിത്ര സത്യമാണ്. അതുകൊണ്ട് തന്നെയാണ് കേരള ക്രൈസ്തവരുടെ തലവനായിരുന്ന അര്‍ക്കദിയാക്കോന്‍റെ ആസ്ഥാനം അഞ്ചാം നൂറ്റാണ്ടു മുതല്‍ അങ്കമാലിയിലായത്. കൂനന്‍ കുരീശുസത്യത്തിനുശേഷം പകലോമറ്റം തറവാട്ടിലെ തോമ്മ അര്‍ക്കദിയാക്കോനെ ഒന്നാം മാര്‍ത്തോമയായി വാഴിച്ചതുമുതല്‍ മാര്‍ത്തോമ്മ മെത്രാന്മാരുടെയും ആസ്ഥാനം അങ്കമാലിയായിരുന്നു. ടിപ്പുവിന്‍റെ പടയോട്ടക്കാലത്താണ് സഭയുടെ ആസ്ഥാനം അങ്കമാലിയില്‍ നിന്നും മാറ്റിയത്.
അകപ്പറന്പ്
മാര്‍ ശാബോര്‍ അഫ്രോത്ത് ദൈവാലയം

ക്രിസ്തുവര്‍ഷം 822 ല്‍ സബരീശോ എന്ന വര്‍ത്തക പ്രമാണിയുടെ നേതൃത്വത്തില്‍ ഏതാനും ക്രൈസ്തവ കുടുംബങ്ങള്‍ പേര്‍ഷ്യയില്‍ നിന്നും കൊല്ലത്തുവന്നു. രാജാവിന്‍റെ പ്രീതി സന്പാദിച്ച് അവിടെ താമസമാക്കി. ഈ സംഘത്തില്‍ മാര്‍ ശാബോര്‍, മാര്‍ അഫ്രോത്ത് എന്നു രണ്ടു പരിശുദ്ധന്മാരായ മെത്രാന്മാര്‍ ഉണ്ടായിരുന്നു. കാദീശങ്ങള്‍ എന്ന് അവര്‍ വിളിക്കപ്പെട്ടു. കാദീശങ്ങള്‍ അകപ്പറന്പില്‍ വരികയും അവരുടെ നിര്‍ദ്ദേശത്തില്‍ 825 ല്‍ അകപ്പറന്പ് പള്ളി സ്ഥാപിക്കുകയും ചെയ്തു. പള്ളി സ്ഥാപിക്കപ്പെട്ടപ്പോള്‍ പള്ളിയില്‍ തിരിവയ്ക്കുന്നതിനും ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ആരാധനാസമയങ്ങള്‍ വിശ്വാസികളെ അറിയിക്കുന്നതിനും അന്ന് അവിടെ ഉണ്ടായിരുന്ന ഒരു പ്രമുഖ കുടുംബത്തെ കാദീശങ്ങള്‍ ചുമതലപ്പെടുത്തി. ദൈവനിയോഗംപോലെ പ്രസ്തുത കുടുംബക്കാര്‍ ദൈവാലയ പരിസരത്തുതന്നെ താമസിച്ച് ഊരാണ്മക്കാര്‍ എന്ന നിലയില്‍ ദൈവാലയശുശ്രൂഷ നടത്തിപ്പോന്നു. ദൈവാലയത്തില്‍ തിരിവയ്ക്കുകയും ആരാധനാ സമയങ്ങള്‍ അറിയിക്കുകയും ചെയ്യുന്ന കുടുംബം എന്ന നിലയില്‍ “തിരിവയ്ക്കല്‍ കുടുംബം”,”അറീയ്ക്കല്‍ കുടുംബം” എന്നിങ്ങനെ പ്രസ്തുത കുടുംബം അറിയപ്പെടാന്‍ തുടങ്ങി. പ്രസ്തുത പേരുകള്‍ രൂപാന്തരപെട്ടാണ് ആ കുടുംബത്തിന് “അരീക്കല്‍ കുടുംബം”എന്ന പേരുണ്ടായത്.
ഇവിടെയുണ്ടായിരുന്ന കുടുംബത്തെയല്ല പേര്‍ഷ്യയില്‍ നിന്നും കാദീശങ്ങളുടെ കൂടെയുണ്ടായിരുന്ന കുടുംബത്തെയാണ് ദൈവാലയത്തിന്‍റെ ചുമതലകള്‍ ഏല്പിച്ചതെന്നും ആ കുടുംബമാണ് അരീയ്ക്കല്‍ കുടുംബം എന്ന് അറിയപ്പെട്ടതെന്നും ഒരു വാമൊഴിയുണ്ട്. ഏതായാലും അകപ്പറന്പു ദൈവാലയത്തിന്‍റെ ചുമതലകള്‍ കാദീശങ്ങളാല്‍ ഏല്‍പ്പിക്കപ്പെട്ട കുടുംബമാണ് അരീയ്ക്കല്‍ കുടുംബം.
അരീയ്ക്കല്‍ കുടുംബക്കാര്‍ ദൈവാലയ പരിസരത്തുതന്നെ താമസിച്ചു കൃഷി ചെയ്തും ദൈവാലയ ശുശ്രൂഷ ചെയ്തും ജീവിച്ചുവന്നു. കുടുംബത്തിലെ മൂത്തയാള്‍ അവിവാഹിതനായ പുരോഹിതനും ദൈവാലയത്തിന്‍റെയും കുടുംബത്തിന്‍റേയും കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന ആളുമായിരുന്നു. ബഹുമാനപ്പെട്ട കല്ലാപ്പാറ അച്ചന്‍റെ “ശാബോര്‍ അഫ്രോത്ത് ദൈവാലയത്തിന്‍റെ ചരിത്രം” എന്ന ലേഖനത്തില്‍ ഇപ്രകാരം പറയുന്നു അരീയ്ക്കല്‍ കുടുംബക്കാര്‍ ഈ പള്ളി വളപ്പില്‍ ഉണ്ടായിരുന്ന കെട്ടിടത്തില്‍ സകുടുബം താമസിച്ചിരുന്നതായിട്ടാണ് പറയുന്നത്. പള്ളിയുടെ വരവു ചെലവു കണക്കുകളും പ്രസ്തുത കുടുംബത്തിന്‍റെ കണക്കുകളും ഒന്നായിരുന്നു എന്ന് പള്ളിയിലെ താളിഓലകളില്‍ നിന്നും വ്യക്തമാണ്. പള്ളിയാരാധനകള്‍ നടത്തിയിരുന്ന വൈദീകരും ഈ കുടുംബക്കാര്‍തന്നെ ആയിരുന്നു.
ഊരാണ്മക്കാര്‍ എന്ന നിലയില്‍ ദൈവാലയ പരിസരത്തുതന്നെ താമസിച്ച് ദൈവാലയ ശുശ്രൂഷ ചെയ്യുക എന്നത് അക്കാലത്ത് സാധാരണരീതിയായിരുന്നു. ശാബോര്‍ അഫ്രോത്ത് പിതാക്കന്മാരാല്‍ തന്നെ സ്ഥാപിക്കപ്പെട്ട കൊല്ലം കാദീശാപള്ളിയുടെ നടത്തിപ്പുകാരായി കാദീശങ്ങള്‍തന്നെ ചുമതലപ്പെടുത്തിയ “മുതലാളി” കുടുംബക്കാര്‍ പള്ളിവളപ്പില്‍ തന്നെയാണ് താമസിച്ചിരുന്നത്. കൊല്ലം കാദീശാ പള്ളിയുടെ കാര്യത്തില്‍ പള്ളി വളപ്പിന്‍റെ റവന്യു രേഖകള്‍തന്നെ മുതലാളി കുടുംബക്കാരുടെ പേരിലാണ്. 1599 ലെ ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകളില്‍ തന്നെ പള്ളി വളപ്പില്‍ താമസിക്കുന്ന കുടുംബക്കാരെപ്പറ്റി പരാമര്‍ശമുണ്ട്.
ദൈവാലയ സ്ഥാപനം മുതല്‍ 17–ാം നൂറ്റാണ്ടിന്‍റെ അന്ത്യംവരെ അരീയ്ക്കല്‍ കുടുംബക്കാര്‍ അകപ്പറന്പു ദൈവാലയ പരിസരത്തുതന്നെ താമസിച്ചു ദൈവാലയ ശുശ്രൂഷ ചെയ്തു വന്നു. 17-) നൂറ്റാണ്ടിന്‍റെ അന്ത്യത്തിലാണ് ഈ നിലയ്ക്കു മാറ്റം വന്നത്. ഇതിന്‍റെ കാരണങ്ങള്‍ മനസ്സിലാക്കുന്നതിന് അക്കാലത്തെ സഭാ ചരിത്രസംഭവങ്ങള്‍കൂടി അറിയണം.
1498 ല്‍ വാസ്കോഡിഗാമ കേരളത്തില്‍ വന്നതുമുതല്‍ പോര്‍ട്ടുഗീസുകാരുടെ അധീശത്വം രാജ്യകാര്യങ്ങളില്‍ എന്നപോലെ സഭാ കാര്യങ്ങളിലും പ്രകടമാകാന്‍ തുടങ്ങി. തങ്ങള്‍ ചെല്ലുന്ന സ്ഥലങ്ങളിലെ ക്രൈസ്തവര്‍ പോര്‍ട്ടുഗീസ് ആചാരക്രമം അനുസരിക്കുകയും പോര്‍ട്ടുഗീസ് രാജാവിനാല്‍ നിയോഗിയ്ക്കപ്പെടുന്ന ബിഷപ്പുമാരാല്‍ ഭരിക്കപ്പെടുകയും ചെയ്യണമെന്നതായിരുന്നു അവരുടെ നയം. ഇതിനുവേണ്ടി ഗോവയില്‍ ഒരു അതിരൂപത തന്നെ സ്ഥാപിക്കപ്പെട്ടു. 1550 ആയപ്പോഴേക്കും പോര്‍ട്ടുഗീസു മിഷനറിമാരുടെ പ്രവര്‍ത്തനം കേരളത്തില്‍ ശക്തമായി. 1595–ല്‍ അലക്സ്ദെമെനസീസ് ഗോവയില്‍ ആര്‍ച്ചു ബിഷപ്പായി നിയമിക്കപ്പെട്ടു. മലങ്കര സഭയെ പോര്‍ട്ടുഗീസ് ബിഷപ്പിന്‍റെ കീഴില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനം ഇതോടെ ശക്തമായി. മെനസ്സീസ് 1599–ല്‍ ഉദയംപേരൂര്‍ വച്ച് ഒരു സുന്നഹദോസ് വിളിച്ചുകൂട്ടി. സഭയുടെ തലവനായ അര്‍ക്കദിയാക്കോന്‍റെ ആസ്ഥാനമായ അങ്കമാലിയില്‍ വച്ച് സുന്നഹദോസ് നടത്താതെ ഉദയംപേരൂര്‍ വച്ച് നടത്തിയത് കൊച്ചിയ്ക്കു സമീ പം തന്പടിച്ചിരുന്ന പോര്‍ട്ടുഗീസ് പട്ടാളത്തിന്‍റെ സ്വാധീനം ഉപയോഗപ്പെടുത്താന്‍ വേണ്ടിയായിരുന്നു. സുന്നഹദോസിന്‍റെ അദ്ധ്യക്ഷവേദിയില്‍ പോര്‍ട്ടുഗീസ് സൈന്യ ത്തിന്‍റെ ക്യാപ്റ്റന്‍ ഉപവിഷ്ടനായിരുന്നു. സുന്നഹദോസില്‍ 153 പട്ടക്കാരും 650 അല്‍മായ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഈ സുന്നഹദോസിന്‍റെ 6-ാം സമ്മേളനത്തിന്‍റെ 19–ാം കാനോനില്‍ ഇപ്രകാരം പറയുന്നു.
“മലങ്കരയില്‍ പലേടത്തും ഉദയംപേരൂരും മറ്റും മാര്‍ ശാബോര്‍ അഫ്രോത്ത് എന്നിവരുടെ നാമത്തില്‍ പള്ളികള്‍ ഉള്ളതായി കാണുന്നു. ഇതു ശരിയല്ല. ഈ പള്ളികള്‍ എല്ലാം മറ്റു വിശുദ്ധന്മാരുടെ നാമത്തിലാക്കണം. അവരുടെ പെരുന്നാളുകള്‍ ആചരിക്കരുത് അവരുടെ പേരില്‍ പള്ളികള്‍ സ്ഥാപിക്കയുമരുത്. മാത്രമല്ല 21–ാം കാനോനില്‍ പള്ളികളില്‍ രൂപം വച്ച് വണങ്ങനം എന്ന് നിഷ്കര്‍ഷിക്കുകയും ചെയ്യുന്നു. ഇന്നു കാണുന്നതുപോലെ അകപ്പറ-ലും കായം കുളത്തും കൊല്ലത്തും മാത്രമല്ല അന്ന് കാദീശങ്ങളുടെ നാമത്തില്‍ പള്ളികള്‍ ഉണ്ടായിന്നത്. ആലങ്ങാടും പറവൂരും മറ്റു പലയിടങ്ങളിലും കാദീശങ്ങളുടെ നാമത്തില്‍ പള്ളികള്‍ ഉണ്ടായിരുന്നതായി സുന്നഹദോസ് കാനോനാകളില്‍ കാണുന്നു. ഉദയംപേരൂര്‍ സുന്നഹദോസ് നടന്ന ദേവാലയംപോലും കാദീശങ്ങളുടെ നാമത്തിലായിരുന്നു. അത് പിന്നീട് ദൈവമാതാവിന്‍റെ നാമത്തില്‍ ആക്കിയതാണ് സമീപത്തുള്ള കാദീശങ്ങളുടെ നാമത്തിലുണ്ടായിരുന്ന എല്ലാ പള്ളികളിലും ഈ സുന്നഹദോസ് തീരുമാനം നടപ്പിലായി കാദീശങ്ങളുടെ നാമത്തില്‍ നിന്നും പള്ളികള്‍ മാറ്റപ്പെട്ടു. എന്നാല്‍ അകപ്പറന്പ് ദൈവാലയത്തിന്‍റെ കാര്യത്തില്‍ മാത്രം ഈ തീരുമാനം നടപ്പിലായില്ല. കാദീശങ്ങളുടെ നാമത്തില്‍ നിന്നും ദൈവാലയം മാറ്റണമെന്നും ദൈവാലയത്തില്‍ രൂപങ്ങള്‍ വച്ച് വണങ്ങണമെന്നും ഉള്ള സുന്നഹദോസ് തീരുമാനങ്ങള്‍ ഇവിടെ നടപ്പിലായില്ല.

കാദീശങ്ങള്‍
അരീയ്ക്കല്‍ കുടുംബത്തിന്‍റെ കാവല്‍പിതാക്കന്‍മാര്‍
ഇതിന്‍റെ കാരണം അകപ്പറന്പ് ദൈവാലയത്തെ ഊരാണ്മക്കാര്‍ എന്ന നിലയില്‍ പരിപാലിച്ചിരുന്ന അരീയ്ക്കല്‍ കുടുംബക്കാരുടെ നിദാന്ത ജാഗ്രത കൊണ്ടുമാത്രമായിരുന്നു ഈ കാലഘട്ടത്തില്‍ അരീയ്ക്കല്‍ കുടുംബത്തില്‍ ജീവിച്ചിരുന്ന ഇട്ടൂപ്പ് റന്പാന്‍ ഈ ചെറുത്തു നില്പിനു ഫലപ്രദമായ നേതൃത്വം നല്‍കി. തുടര്‍ന്ന് 1653 ല്‍ നടന്ന കൂനംകുരിശ് സത്യത്തിലും ആലങ്ങാട്ടുവച്ച് ഒന്നാം മാര്‍ത്തോമ്മയെ വാഴിക്കുന്നതിലും ഇട്ടൂപ്പ് റന്പാനും ഈ കുടുംബത്തിലെ തന്നെ ഗീവര്‍ഗ്ഗീസ് കത്തനാരും നിര്‍ണ്ണായക പങ്കുവഹിച്ചു.
പോര്‍ട്ടുഗീസ് മെത്രാന്‍മാര്‍ക്ക് വഴങ്ങാതിരുന്ന ഇട്ടൂപ്പ് റന്പാനേയും അരീക്കല്‍ കുടുംബക്കാരെയും ശത്രുക്കളായി കണ്ട അധികാരികള്‍ രാജകുടുംബത്തെ സ്വാധീനിച്ച് രാജകല്പന പ്രകാരം അരീയ്ക്കല്‍ കുടുംബക്കാരെ ദൈവാലയപരിസരത്തുനിന്നും ഇറക്കിവിട്ടു. ഈ കാര്യം കല്ലാപ്പാറ അച്ചന്‍റെ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇറക്കിവിടപ്പെട്ട കുടുംബാംഗങ്ങള്‍ പല സ്ഥലങ്ങളിലേക്ക് താമസം മാറ്റി. 17–ാം നൂറ്റാണ്ടിന്‍റെ അവസാനത്തിലാണ് ഇതു സംഭവിച്ചത്.
എ.ഡി. 825 മുതല്‍ 1690 വരെയുള്ള കാലഘട്ടമാണ് അരീയ്ക്കല്‍ കുടുംബചരിത്രത്തിലെ ഒന്നാം ഘട്ടം. ഈ കാലഘട്ടത്തില്‍ ഈ കുടുംബം ദൈവാലയ വളപ്പില്‍തന്നെ താമസിച്ച് ഊരാണ്മക്കാര്‍ എന്ന നിലയില്‍ ദൈവാലയ ശുശ്രൂഷ ചെയ്തുപോന്നു. അങ്ങനെ ഇരുപത്തഞ്ചോളം തലമുറകള്‍ കടന്നുപോയി. സ്ഥലപരിമിതിമൂലവും കൂടുതല്‍ ഫലഭൂയിഷ്ഠമായ കൃഷിസ്ഥലങ്ങള്‍ തേടിയും മറ്റുകാരണങ്ങളാലും ഓരോ തലമുറയിലും പല അംഗങ്ങളും പരിസരപ്രദേശങ്ങളിലേയ്ക്കും വിദൂര സ്ഥലങ്ങളിലേയ്ക്കും മാറിത്താമസിച്ചു. ഇപ്രകാരം മാറി താമസിച്ചവരുടെ പിന്‍തുടര്‍ച്ചക്കാരാണ് അങ്കമാലി, കറുകുറ്റി മുതലായ സമീപപ്രദേശങ്ങളിലും കോട്ടയം, മുവാറ്റുപുഴ മുതലായ വിദൂര സ്ഥലങ്ങളിലും ഉള്ള അരീയ്ക്കല്‍ കുടുംബക്കാര്‍. 17–ാം നൂറ്റാണ്ടില്‍ സഭയിലുണ്ടായ ഭിന്നിപ്പിനെ തുടര്‍ന്ന് ഇവരില്‍ പലകുടംബങ്ങളും, പ്രത്യേകിച്ച് അങ്കമാലി, കറുകുറ്റി ഭാഗങ്ങളിലുള്ളവര്‍, കത്തോലിക്ക വിഭാഗത്തിലായി. 18-ാം നൂറ്റാണ്ടില്‍ അരീയ്ക്കല്‍ (ചക്കരയകത്തൂട്ട്) കുടും-ബത്തില്‍ നിന്നും കടുക്കാച്ചിറയില്‍ താമസമാക്കിയ രണ്ടു സഹോദരന്മാരുടെ പിന്‍മുറക്കാരായി ഇരുന്നൂറോളം കുടുംബങ്ങളുണ്ട്. ഇവരും കത്തോലിക്കാ വിഭാഗക്കാരാണ്. മേക്കടന്പ് ഭാഗത്ത് നാല്‍പതില്‍പരം കുടുംബങ്ങളുണ്ട്. 1902 ല്‍ കളപ്പുരവിഭാഗത്തിലെ വറിയത് (ദാവീദ് മല് പാന്‍റെ മൂത്ത മകന്‍) വേങ്ങൂര്‍ക്ക് താമസംമാറ്റി. ഇദ്ദേഹത്തിന്‍റെ താവഴിയില്‍ എഴുപതോളം കുടുംബക്കാരുണ്ട്. ഇവര്‍ക്ക് ഒരു കുടുംബയോഗമുണ്ട്. ദാവീദുമല്പാന്‍റെ ഒരു സഹോദരന്‍റെ പിന്‍താവഴിയാണ് അങ്കമാലിയിലെ അരീയ്ക്കല്‍ കുടുംബക്കാര്‍ (ബ്രദര്‍ മിഷന്‍ വിഭാഗത്തിലും അരീയ്ക്കല്‍ കുടുംബക്കാര്‍ ഉണ്ട്). 1913 ല്‍ ചെറിയാട് വിഭാഗത്തില്‍പ്പെട്ട വറീത് തുറവൂരിലേയ്ക്ക് താമസംമാറ്റി. പറവൂരില്‍ ഏഴിക്കരയിലും ആനച്ചാലിലും അരീക്കല്‍ കുടുംബക്കാരുണ്ട്. അകപ്പറന്പ് ഇടവകയിലും സമീപ യാക്കോബായ ഇടവകയിലുമായി 350 ല്‍ പരം കുടുംബങ്ങളുണ്ട്. ഇപ്രകാരം കണക്കാക്കുന്പോള്‍ വിവിധ സഭാ വിഭാഗങ്ങളിലായി നിലകൊള്ളുന്ന മുവ്വായിരത്തിലേറെ കുടുംബങ്ങളുടെ ഒരു സമുച്ചയമാണ് ഇന്ന് അരീയ്ക്കല്‍ കുടുംബം.
1690 നോടടുത്ത് ദൈവാലയപരിസരത്ത് നിന്നും ഇറങ്ങിപോരേണ്ടിവന്നപ്പോള്‍ സമീപത്തുതന്നെയുള്ള പ്രദേശങ്ങളിയേക്ക് അന്നു ദൈവാലയവളപ്പിലുണ്ടായിരുന്ന അരീയ്ക്കല്‍ കുടുംബക്കാര്‍ താമസം മാറ്റി. ഇട്ടൂപ്പ് റന്പാന്‍റെ ആറു സഹോദരന്മാരും ഒരു സഹോദരിയും മാതാപിതാക്കളും അടങ്ങുന്ന കുടുംബം ദൈവാലയത്തിന്‍റെ വടക്കുഭാഗത്തുള്ള ചക്കരയകത്തൂട്ട് പറന്പിലെ ചെറിയ വീട്ടിലേയ്ക്ക് താമസം മാറ്റി. സ്ഥലപരിമിതിമൂലം മൂത്ത സഹോദരന്മാര്‍ റന്പാച്ചന്‍റെ തന്നെ നിര്‍ദ്ദേശപ്രകാരം അടുത്തള്ള പറന്പുകളിലേയ്ക്ക് മാറി താമസിച്ചു. അവര്‍ താമസിച്ച പറന്പുകളെ അടിസ്ഥാനമാക്കി ഇവരുടെ പിന്‍മുറക്കാര്‍ക്ക് വിളിപ്പേരുകള്‍ ഉണ്ടായി. ഇവ-രാണ് കളപ്പുര, കാവലഞ്ചേരി, പടിഞ്ഞാറകത്തൂട്ട്, അവരക്കുടി, കല്ലറ എന്നീ വിഭാഗക്കാര്‍. റന്പാച്ചന്‍റെ ഇളയ സഹോദരന്‍ ചക്കരയകത്തൂട്ട് വീട്ടില്‍ തന്നെ താമസിച്ചു. ഇദ്ദേഹത്തിന്‍റെ പിന്‍തുടര്‍ച്ചക്കാരാണ് ചക്കരയകത്തൂട്ട് വിഭാഗം. ഈ കുടുംബക്കാരെ കൂടാതെ ദൈവാലയ പരിസരത്തുനിന്നും മാറി താമസിച്ചവരാണ്പുളിയന്‍,പനേലി തുടങ്ങിയ വിളിപ്പേരില്‍ അറിയപ്പെ-ടുന്നവര്‍.
അകപ്പറന്പ് ദൈവാലയം സ്ഥാപിച്ചകാലം മുതല്‍ അരീയ്ക്കല്‍ കുടുംബത്തിലെ പുരോഹിതന്മാരാണ് ദൈവാലയ ശുശ്രൂഷ ചെയ്തിരുന്നത്. കല്ലാപ്പാറ അച്ചന്‍റെ ലേഖനത്തില്‍ ഈ വസ്തുത എടുത്തു പറയുന്നുണ്ട്. അരീയ്ക്കല്‍ കുടുംബത്തിലെ ആദ്യകാല പുരോഹിതന്മാരുടെ വിവരങ്ങള്‍ ലഭ്യമല്ല. 17–ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇട്ടൂപ്പ് റന്പാന്‍റെ കാര്യം മുന്‍പ് സൂചിപ്പിച്ചല്ലോ. ഇതിനോടടുത്തകാലത്തുതന്നെ ജീവിച്ചിരുന്ന അരീ-യ്ക്കല്‍ ഗീവര്‍ഗ്ഗീസ് കത്തനാര്‍ ആഞ്ഞലിമൂട്ടില്‍ തോമകത്തനാര്‍ക്കൊപ്പം കൂനംകുരിശു സത്യത്തിനും (1653) അര്‍ക്കദിയാക്കോനെ ഒന്നാം മാര്‍ത്തോമയായി വാഴിക്കുന്നതിനും നേതൃത്വം നല്‍കി. 1876–ലെ മുളംതുരുത്തി സുന്നഹദോസിന്‍റെ തീരുമാനങ്ങളില്‍ ഒന്നാമതായി ഒപ്പിട്ടിരിക്കുന്നത് അരീയ്ക്കല്‍ കുടുംബത്തിലെ കളപ്പുര ശാഖയില്‍പെട്ട ദാവീദ് മല്പാന്‍ ആണ്. സുറിയാനി പണ്ഡിതനായിരുന്ന ദാവീദ് മല്പാന്‍ അകപ്പറന്പു പള്ളിയിലുണ്ടായിരുന്ന വൈദീക പഠനകേന്ദ്രത്തിന്‍റെ അദ്ധ്യക്ഷനായിരുന്നു. അരീയ്ക്കല്‍ കുടുംബത്തിലെ വിവാഹിതനായ ആദ്യ വൈദീകനായിരുന്ന മല്‍പാന്‍ 1885 ല്‍ നിര്യാതനായി. 1920 ല്‍ നിര്യാതനായ ചക്കരയകത്തൂട്ട് ശാഖയിലെ കൊച്ചുവര്‍ക്കി കത്തനാരായിരുന്നു മറ്റൊരു പ്രമുഖ വൈദീകന്‍. 1690 കാലഘട്ടത്തില്‍ ദൈവാലയ പരിസരത്തുനിന്നും ഇറങ്ങിപ്പോരേണ്ടിവന്നെങ്കിലും 1920 കാലഘട്ടത്തിലും പള്ളിവക കെട്ടിടത്തില്‍ അരീയ്ക്കല്‍ കുടുംബത്തിലെ വൈദീകര്‍ക്ക് താമസിക്കാന്‍ ഒരു മുറിയുണ്ടായിരുന്നു എന്ന് കൊച്ചുവര്‍ക്കി കത്തനാരുടെ വില്‍പത്രത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 1981 ല്‍ നിര്യാതനായ ചക്കരയകത്തൂട്ട് ഗീവര്‍ഗ്ഗീസ് കത്തനാര്‍, 1996–ല്‍ നിര്യാതനായ പടിഞ്ഞാറകത്തൂട്ട് ജോസഫ് കത്തനാര്‍ എന്നിവര്‍ അടുത്ത കാലത്ത് ജീവിച്ചിരുന്ന പുരോഹിതന്മാരായിരുന്നു. ഇന്ന് അരീയ്ക്കല്‍ കുടുംബത്തില്‍ വിവിധ ക്രിസ്തീയ വിഭാഗങ്ങളിലായി അനേകം പുരോഹിതന്മാരു കന്യാസ്ത്രിമാരുമുണ്ട്.
കളപ്പുര ദാവീദ് മല്പാന്‍

Died On 1890
ചക്കരയകത്തൂട്ട് കൊച്ചുവര്‍ക്കി കത്തനാര്‍

1845-1920
ചക്കരയകത്തൂട്ട് ഗീവര്‍ഗ്ഗീസ് കത്തനാര്‍

1906-1981
പടിഞ്ഞാറകത്തൂട്ട് ജോസഫ് കത്തനാര്‍

1917-1996
ഈ പ്രദേത്തെ ഇതര പ്രമുഖ കുടുംബങ്ങളുമായി അരീയ്ക്കല്‍ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്. പൈനാടത്ത് കുടുംബത്തില്‍പെട്ട വയലിപ്പറന്പില്‍ ശാഖ ഇതിനുദാഹരണമാണ്. 1500–ാം ആണ്ടോടടുത്ത് ആര്‍ത്താറ്റ് (കുന്നംകുളം) നിന്നും മേയ്ക്കാട് വന്ന് താമസിച്ച കുര്യത് എന്ന കാരണവരുടെ പിന്‍തലമുറക്കാരാണ് ഈ പ്രദേശത്തുള്ള പൈനാടത്തു കുടുംബക്കാര്‍ എന്ന് അവരുടെ കുടുംബചരിത്രം പറയുന്നു. ഇതില്‍ ഒരു ശാഖയാണ് വയലിപ്പറന്പില്‍ കുടുംബം 1650 കാലഘട്ടത്തില്‍ വയലിപ്പറന്പില്‍ കുടുംബത്തിലെ തോമ എന്ന കാരണവര്‍ക്ക് മറിയം എന്ന ഒരു മകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. അരീക്കല്‍ കുടുംബത്തിലെ മാത്തു വയലിപറന്പില്‍ കുടുംബത്തിലെ മറിയത്തെ വിവാഹം ചെയ്ത് വയലിപറന്പില്‍ കുടുംബത്തില്‍ ദത്തുനിന്നു. ഈ മാത്തു മറിയം ദന്പതികളുടെ പിന്‍താവഴിക്കാരാണ് ചെറിയവയലിപറന്പില്‍ ഒഴിച്ചുള്ള വയലിപ്പറന്പില്‍ കുടുംബക്കാര്‍ മുഴുവന്‍. ഈ കുടുംബത്തിലെ അംഗമായിരുന്നു ദിവംഗതനായ വയലിപറന്പില്‍ ഗ്രീഗോറിയോസ് തിരുമേനി.
വയലിപറന്പില്‍ ഗ്രീഗോറിയോസ് തിരുമേനി

1690–ല്‍ ചക്കരയകത്തൂട്ട് വീട്ടില്‍ താമസമാക്കിയ ഇട്ടൂപ്പ് റന്പാന്‍റെ സഹോദരന്മാര്‍ ഇതരപറന്പുകളിലേയ്ക്ക് താമസം മാറ്റിയ കാര്യം പ്രസ്താവിച്ചിരുന്നല്ലൊ. ഇവരുടെ പിന്‍മുറക്കാരായ കളപ്പുര, കാവലഞ്ചേരി, കല്ലറ, പടിഞ്ഞാറകത്തൂട്ട്, ചക്കരയകത്തൂട്ട് എന്നീ വിഭാഗങ്ങളും പുളിയന്‍, പനേലി എന്നീ വിഭാഗങ്ങളുമാണ് അരീയ്ക്കല്‍ കുടുംബക്കാരായി മേയ്ക്കാവില്‍ താമസമുള്ളത്. ഇവരാണ് അരീയ്ക്കല്‍ ഫാമിലി അസ്സോസിയേഷന്‍ മേയ്ക്കാവിന്‍റെ അംഗങ്ങള്‍. Wedsite -ല്‍ അംഗങ്ങളുടെ വിശദവിവരങ്ങള്‍ നല്‍കിയിരിക്കുന്നു. ഓരോ വിഭാഗത്തിന്‍റെയും ചരിത്രം വിശദമായി അംഗങ്ങളുടെ വിവരങ്ങള്‍ക്കുമുന്പായി കൊടുത്തിരിക്കുന്നു. കൂടാതെ ഓരോ വിഭാഗത്തിന്‍റെയും വംശാവലിയും ചേര്‍ത്തിട്ടുണ്ട്.
ഭരണസമിതി .
അരീയ്ക്കല്‍ ഫാമലി അസ്സോസിയേഷന്‍ .
മേയ്ക്കാവ് .
Subscribe Latest News By Sms
[subscribe]